മുംബൈ: മദ്യം ഇനി ഓണ്‍ലൈനിലും ലഭ്യമാകും. മധ്യപ്രദേശ് സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. ഇതോടൊപ്പം റവന്യൂ വരുമാനം കൂട്ടാന്‍ ലക്ഷ്യമിട്ട് 3,000 മദ്യവില്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്‌സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനം കൈകൊണ്ടത്.
മദ്യ വില്‍പനയില്‍ 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനാണ് യി 1,061 വിദേശ മദ്യവില്‍പന ശാലകളും 2,544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതുതായി തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വിതരണം നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും. ഇ-ടെണ്ടര്‍ ലേലം വഴി ഓണ്‍ലൈന്‍ മദ്യ വില്‍പനയുടെ നടപടികള്‍ തുടങ്ങുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ മുന്തരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്‌സൈസ് നയത്തില്‍ പദ്ധതിയുണ്ട്. മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മ്മിക്കാനുള്ള നടപടി തുടങ്ങും. ഈ വീഞ്ഞ് വില്‍പന നടത്താന്‍ മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഔട്ട്‌ലറ്റുകള്‍ തുടങ്ങാനും പുതിയ എക്‌സൈസ് നയത്തിലുണ്ട്.