കേപ്ടൗണ്‍: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. അറസ്റ്റിലായ രവി പൂജാരിയെ പിന്നീട് സെനഗലില്‍ എത്തിച്ചു. രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനില്‍ ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും സഹായിച്ചു.
രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പൂജാരിയെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന.
നേരത്തെ സെനഗലില്‍ വച്ച് രവി പൂജാരി പിടിയിലായിരുന്നു. എന്നാല്‍ ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു. ബുര്‍ക്കിനഫാസോ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും രവി പൂജാരിക്ക് പങ്കുണ്ട്.
Discussion about this post