ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വനിതാ ലീഗ്. മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിതാ ലീഗ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുത്തലാഖ് നിയമവിരുദ്ധം ആണെന്ന് സുപ്രീം കോടതി വിധിച്ചതോടെ മൂന്ന് തലാഖ് ചൊല്ലി ആര്‍ക്കും വിവാഹ മോചനം ലഭിക്കില്ല. അത് കൊണ്ട് തന്നെ മുത്തലാഖ് നിരോധിക്കാനുള്ള നിയമം അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയാല്‍ ഭര്‍ത്താവിനെ ജയിലില്അടയ്ക്കുന്നത് ഭാര്യയെയും കുട്ടികളെയും അനാഥമാക്കും. വിവാഹത്തിലെ തര്‍ക്കം ഏതെങ്കിലും തരത്തില്‍ ഒത്ത് തീര്‍ക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും അവസാനിക്കുമെന്നും നൂര്‍ബിന റഷീദ് തന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
Discussion about this post