ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും 370ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. അടുത്ത നീക്കം പാക് അധീന കശ്മീർ തിരിച്ചു പിടിക്കലാണെന്നും വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
അഖണ്ഡ ഭാരതമെന്ന ലക്ഷ്യം ഘട്ടം ഘട്ടമായി മാത്രമെ സാക്ഷാത്കരിക്കാൻ കഴിയൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിനെ മുഖ്യധാരയിൽ എത്തിക്കുക എന്നതായിരുന്നു ആദ്യപടി. പാകിസ്താൻ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യൻ മണ്ണ് വീണ്ടെടുക്കുകയാണ് അടുത്ത നടപടി. ഇതുസംബന്ധിച്ച പ്രമേയം 1994 ൽ പാർലമെന്റ് പാസാക്കിയിട്ടുണ്ട്.
21ാം നൂറ്റാണ്ടിലെ ഭാരതം 20ാം നൂറ്റാണ്ടിലേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ സ്വാതന്ത്ര്യ സമര സേനാനികൾ നയിച്ച ഇന്ത്യയായിരുന്നു 20ാം നൂറ്റാണ്ടിലേത്. എന്നാൽ 21ാം നൂറ്റാണ്ട് പ്രതീക്ഷകൾ വച്ചുപുലർത്തുന്ന യുവാക്കളുടേത് ആയിരിക്കും. ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യ എത്തുക എന്നത് ഉറപ്പാണെന്നും റാം മാധവ് അഭിപ്രായപ്പെട്ടു.