ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാനായി വിമത നീക്കം നടത്തിയ എംഎൽഎമാരുടെ സംഘം യെദ്യൂരപ്പയേയും ഭീഷണിപ്പെടുത്തുന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയും ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിസഭാ വികസനത്തിൽ മന്ത്രിയാകുകയും ചെയ്ത കാലുവാരലിന് ചുക്കാൻ പിടിച്ച രമേശ് ജാർക്കിഹോളിയാണ് രാജി ഭീഷണി ഉയർത്തിയിരിക്കുന്നത്. അത്തണി എംഎൽഎ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ലെങ്കിൽ രാജിവെക്കുമെന്നാണ് ജലവിഭവ മന്ത്രി കൂടിയായ ജർാക്കിഹോളിയുടെ മുന്നറിയിപ്പ്.
നേരത്തെ, കോൺഗ്രസ്-ജെഡിയും സഖ്യസർക്കാരിനെ രമേശ് ജാർക്കിഹോളിയും കുമത്തള്ളിയും അടക്കം 17 വിമതർ ചേർന്നാണ് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയത്. വിമതർക്കെല്ലാം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവസാന നിമിഷം കുമത്തള്ളിയെ യെദ്യൂരപ്പ ഒഴിവാക്കുകയായിരുന്നു.
‘ചിലകാര്യങ്ങൾ പരസ്യമായി പറയാനാകില്ല. കുമത്തള്ളിയാണ് ബിജെപി സർക്കാർ യാഥാർത്ഥ്യമാകാൻ പ്രധാന കാരണക്കാരൻ. അദ്ദേഹത്തിന് മികച്ച പദവി കിട്ടേണ്ടതാണ്. അദ്ദേഹത്തിനോട് മാത്രം അനീതി കാട്ടാൻ അനുവദിക്കില്ലെന്നും’ ജാർക്കിഹോളി ബെലഗാവിയിൽ പറഞ്ഞു.