ഗാന്ധി നഗർ: ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദ് കണ്ടാൽ വികസിത രാജ്യത്തെ ഏതോ ഒരു പട്ടണമാണെന്ന്. എല്ലാം സുന്ദരം, ശാന്തം സുരക്ഷിതം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും കുടുംബത്തേയും വരവേൽക്കാനാണ് അഹമ്മദാബാദിനെ സുന്ദര ഭൂമിയാക്കി തീർത്തിരിക്കുന്നത്.
തെരുവുപട്ടികളെ പിടിക്കുന്നതു മുതൽ ബിഎസ്എഫിന്റെ ഒട്ടകപ്പടയെ വിന്യസിച്ച് വരേയാണ് അഹമ്മദാബാദിനെ വേറെ തലത്തിലേക്ക് ഉയർത്തുന്നത്. ചേരിയുടെ കാഴ്ച മറയ്ക്കാൻ മതിൽ ഉയർത്തിക്കെട്ടിയ വിവാദം കത്തുകയാണ്. മോഡിയുടെ നാട്ടിലേക്ക് ട്രംപ് എത്തുമ്പോൾ സുരക്ഷയ്ക്കുതന്നെയാണ് പ്രാധാന്യം. 24ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാൻ പാടില്ല. ജാമർ വാഹനങ്ങൾ യുഎസിൽ നിന്നും എത്തിച്ചിട്ടുണ്ട്.
റോഡ് ഷോ നടക്കുന്ന വീഥിയിൽ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സിബിഎസ്ഇ പരീക്ഷയെഴുതുന്ന കുട്ടികൾ പോലും അതിനുമുന്നേ സ്‌കൂളിലെത്തണം. അവർക്ക് അവിടെ പ്രഭാതഭക്ഷണം തയ്യാർ. പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികൾ പോലീസ് കാവലിലാണ്. അകത്ത് കയറാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു. എങ്ങാനും പ്രസിഡന്റിന്റെമുന്നിൽ ചാടിയാലോയെന്ന ജാഗ്രത. വിമാനത്താവളം മുതൽ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നിൽക്കുന്നു. പല ഭാവങ്ങളിൽ മോഡിയും ട്രംപും ആ ചുവരുകളിൽ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളിൽ വളർച്ചയെത്തിയ എണ്ണപ്പനകൾ അതേപടി നട്ടുപിടിപ്പിച്ചിട്ടുണ്ട്. വഴികളിലെ ഓരോ മനുഷ്യനെയും ക്യാമറകൾ ഒപ്പിയെടുക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം സിസിടിവി ക്യാമറകൾ നിർബന്ധമാക്കി.
Discussion about this post