ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്19) ഭീതി ഇനിയും ഒഴിയാത്ത സാഹചര്യത്തിൽ പൗരന്മാർക്ക് പ്രത്യേക നിർദേശവുമായി കേന്ദ്ര സർക്കാർ. കൊറോണ സിംഗപ്പൂരിലും പടരുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
സിംഗപ്പൂരിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച ഡൽഹിയിൽ ചേർന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ തീരുമാനം.
തിങ്കളാഴ്ച മുതൽ നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ പ്രത്യേകം പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ യാത്രക്കാർക്ക് എല്ലാ വിമാനത്താവളങ്ങളിലും മെഡിക്കൽ പരിശോധന കർശനമാണ്.
Discussion about this post