മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക്. 2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം വേദിയായത്. പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ നിയോഗിച്ച 10 പേര്‍ നടത്തിയ അതിക്രൂരമായ ആക്രമണം. കടല്‍ കടന്ന് വന്നവര്‍ നഗരത്തില്‍ ചോരപ്പുഴ തീര്‍ത്തു. നാല് ദിവസത്തോളം നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ തുരത്താനായത്. ആക്രമണത്തില്‍ 164 പേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
26/11 എന്ന പേരിലാണ് ഈ സംഭവം ലോകചരിത്രത്തിലിടം പിടിച്ചത്. 9/11 എന്ന പേരില്‍ അറിയപ്പെടുന്ന, അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവത്തിന് സമാനമായ ആക്രമണം. പത്തുവര്‍ഷം മുമ്പ് നടന്ന ഭീകരാക്രമണത്തിന്റെ ഓര്‍മകളിലൂടെ മുംബൈ ഒരിക്കല്‍ കൂടെ കടന്നുപോകുന്നു. 1993 മാര്‍ച്ചില്‍ നടന്ന ബോംബ് സ്‌ഫോടന പരമ്പരകള്‍ക്കുശേഷം മുംബൈ സാക്ഷ്യം വഹിച്ച മറ്റൊരു വലിയ ദുരന്തം. ലക്ഷക്കണക്കിന് യാത്രികര്‍ ദിവസം തോറും എത്തുന്ന സിഎസ്ടി റെയില്‍വേ സ്റ്റേഷന്‍, താജ് ഹോട്ടല്‍, ട്രൈഡന്റ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ, കാമാ ആശുപത്രി, നരിമാന്‍ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, ഉയര്‍ന്ന പോലീസുദ്യോഗസ്ഥരായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു അടഞ്ഞു. ഏറ്റുമുട്ടലില്‍ ഒന്‍പതു ഭീകരരെ വധിച്ചു. ഭീകരന്മാരിലൊരാളായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടാന്‍ മുംബൈ പോലീസിന് കഴിഞ്ഞു. വിചാരണയ്‌ക്കൊടുവില്‍ 2012 നവംബര്‍ 21-ന് കസബിനെ തൂക്കിലേറ്റി.
Discussion about this post