പാട്ടന്(ഗുജറാത്ത്): ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് പ്രധാനമന്ത്രി സമ്മാനമായി നല്‍കുന്നത് വിലയേറിയ പട്ടുസാരിയെന്ന് റിപ്പോര്‍ട്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക് സാരിയാണ് സമ്മാനിക്കുന്നതെന്നാണ് വിവരം.
മികച്ച വിഭാഗത്തിലുള്ള പട്ടോള സാരിയുടെ വില ആരംഭിക്കുന്നത് 3 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും മികച്ച പട്ടോള സാരിക്ക് 7 ലക്ഷം രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിലെ പ്രത്യേകതയും നെയ്ത്തുകാരുടെ കരവിരുതുമാണ് പട്ടോള സാരിയെ മികച്ചതാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ഡിസൈനുകളാണ് പട്ടോള സാരികളിലേത് എന്നാണ് പറയപ്പെടുന്നത്.
സാരിയുടെ പ്രത്യേകതകള്‍ ഇങ്ങനെ;
ഗുജറാത്തിലെ പാട്ടന് നഗരത്തില്‍ ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കുന്നവയാണ് ഇവ. പട്ടോള സാരിയുടെ പകുതി നെയ്തെടുക്കാന്‍ ആറ് മാസം സമയമെടുക്കും. പന്ത്രണ്ടോളം നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി നെയ്യുന്നത്. യന്ത്രങ്ങളോ കംപ്യൂട്ടര്‍ ഡിസൈനുകളോ പട്ടോള സാരിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാറില്ല.
പട്ട് നൂലുകള്‍ സ്വാഭാവിക നിറങ്ങള്‍ ഉപയോഗിച്ച് വര്‍ണം നല്‍കും. ഒരു തരത്തിലുമുള്ള രാസവസ്തുക്കള്‍ ഈ നിറങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല. സാരി കീറി നശിക്കുന്ന അവസ്ഥയില്‍പ്പോലും വര്‍ണങ്ങള്‍ മാറിയില്ല എന്നതാണ് ഈ നിറങ്ങളുടെ പ്രത്യേകതയെന്ന് പട്ടോള സാരിയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മുന്നൂറ് വര്‍ഷം വരെ സാരിയുടെ നിറം മങ്ങില്ലെന്നാണ് നെയ്ത്തുകാരുടെ അവകാശ വാദം.
പട്ട് നൂലുകളില്‍ ചായം പിടിക്കാന്‍ തന്നെ 70 ദിവസത്തില്‍ അധികം വേണമെന്നും നെയ്ത്തുകാര്‍ പറയുന്നു. 500 മുതല്‍ 600 ഗ്രാം പട്ട് നൂലാണ് ഒരു പട്ടോള സാരി നിര്‍മ്മിക്കാന്‍ ആവശ്യമായിട്ടുള്ളത്. ഈ നിറങ്ങള്‍ക്ക് 3000 രൂപയില്‍ അധികം വിലവരും. കിലോയ്ക്ക് 2000 രൂപയോളം വിലവരുന്ന പട്ടുനൂല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. ഏറ്റവും വില കുറഞ്ഞ പട്ടോള സാരിക്ക് ഒന്നര ലക്ഷം രൂപയോളം വില വരും. ഓര്‍ഡര്‍ നല്കി ഒരുവര്‍ഷത്തോളം സമയം കഴിഞ്ഞാലാണ് ഇത് ലഭിക്കുക.
Discussion about this post