പൂണെ: വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഇല്ലാത്ത യുവാക്കള്‍ക്ക് വധുവിനെ ലഭിക്കാത്തതിനാല്‍ യുവാക്കള്‍ വിവാഹത്തിനു ‘പുരുഷധനം’ നല്‍കേണ്ട അവസ്ഥയിലാണെന്ന് സര്‍വേ. സത്താറ ജില്ലയില്‍ മാന്‍ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ മറാഠ പുരുഷന്മാരാണു കല്യാണം കഴിക്കാന്‍ യുവതികളെ ലഭിക്കാതെ വിഷമത്തിലായിരിക്കുന്നത്.
വിവാഹം ആലോചിച്ചു ചെന്നാല്‍, പെണ്‍കുട്ടികള്‍ സന്നദ്ധരാകുന്നില്ല. അവസാനം, അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നു വാഗ്ദാനം ചെയ്യുമ്പോള്‍ മാത്രമാണ് ചിലരെങ്കിലും സമ്മതം മൂളുന്നത്. ഷിന്ദി ഗ്രാമത്തിലെ ജനസംഖ്യയില്‍ 82% മറാഠകളാണ്. പകുതിയിലേറെപ്പേരും 1-2 ലക്ഷം വരെ പുരുഷധനം നല്‍കിയാണു വിവാഹം കഴിച്ചതെന്നും സര്‍വേ പറയുന്നു.
പുണെയിലെ ഭൂമാതാ ചാരിറ്റബിള്‍ ട്രസ്റ്റാണ് 2015 മുതല്‍ 2018 കാലയളവില്‍ സര്‍വേ നടത്തിയത്. മറാഠകള്‍ തിങ്ങി വസിക്കുന്ന മേഖകളിലൊന്നാണ് ഷിന്ദി ഗ്രാമം. മറ്റു മറാഠാഗ്രാമങ്ങളും ഇതേ അവസ്ഥയാണെന്നു ട്രസ്റ്റ് നേതാവ് ബുദ്ധാജിറാവു മുലിക് പറയുന്നു. സ്ത്രീ-പുരുഷ അനുപാതത്തിലെ വ്യതിയാനങ്ങളും സ്ഥിതി വഷളാക്കുകയാണ്.