ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വിദേശത്തു നിന്നും മടക്കി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ കള്ളപ്പണത്തിന്റെ എല്ലാ വിവരങ്ങളും നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇത് തള്ളിയാണ് പിഎംഒ നിലപാട് ആവര്‍ത്തിച്ചത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകള്‍ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയുദ്ധരിച്ചാണ് നടപടി.
വിവരാവകാശപ്രവര്‍ത്തകനും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ തിരക്കിയത്. 2014 ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ സര്‍ക്കാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു സഞ്ജീവ് ആവശ്യപ്പെട്ടിരുന്നത്.
വിവരാവകാശ നിയമത്തിന്റെ പരിധിയിലല്ല അപേക്ഷ വരുന്നത് എന്ന് കാണിച്ചാണ് ആദ്യം സഞ്ജീവിനെ പിഎംഒ പിന്തിരിപ്പിച്ചത്. തുടര്‍ന്നാണ്, ചതുര്‍വേദി കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചത്. കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 15 ദിവസങ്ങള്‍ക്കുള്ളില്‍ സഞ്ജീവിന് നല്‍കണമെന്നാണ് ഒക്ടോബര്‍ 16ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ നിര്‍ദ്ദേശിച്ചത്. കള്ളപ്പണത്തെക്കുറിച്ച് പ്രത്യേകാന്വേഷണസംഘം അന്വേഷണം ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പിഎംഒ ചതുര്‍വേദിക്ക് മറുപടി നല്‍കി.