ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്താന്‍, സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം വൈകുന്നേരം നാല് മണിക്ക് സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. കഴിഞ്ഞ രണ്ട് ദിവസം നടന്ന ചര്‍ച്ചകളിലും സമരക്കാരുമായി സമവായത്തിലേത്താന്‍ സമിതിക്ക് കഴിഞ്ഞിരുന്നില്ല. സമരവേദി മാറ്റില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന് മുന്‍പ് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സമിതിയംഗങ്ങള്‍. പരിഹാരം കാണുന്നത് വരെയും ചര്‍ച്ച തുടരുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, ശാന്തന രാമചന്ദ്രന്‍ എന്നിവരെയാണ് ഷഹിന്‍ബാഗ് സമരക്കാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.ഷഹീന്‍ബാഗ് സമര നായികമാരായ ആസിമ ഖാത്തൂവിനോടും ബില്ഖീസ് ഖാത്തൂവിനോടും സമിതിയംഗങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീന്‍ബാഗിലെ അമ്മമാര്‍ ഇവിടെ സമരം ഇരിക്കുകയാണ്. ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ചാണ് ബിജെപി രംഗത്ത് വന്നത്. ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണവിഷയമാക്കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ്, ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്.
അതെസമയം ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ് എന്ന ആരോപണം സമരക്കാര്‍ നിഷേധിച്ചു. റോഡിന്റെ പകുതിയോളം ഭാഗം സ്തംഭിപ്പിച്ച് അവശ്യ സേനങ്ങള്‍ അടക്കം തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം പോലീസിനാണെന്ന് സമരക്കാര്‍ ആരോപിച്ചു.
Discussion about this post