വിദ്യാര്‍ത്ഥിയോട് തട്ടിക്കയറി അവതാരകന്‍; ഒരു ചാനല്‍ ചര്‍ച്ച എങ്ങനെ ആവരുതെന്നതിനുള്ള ഉദാഹരണം ഇതാണെന്ന് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: ഒരു ചര്‍ച്ച എങ്ങനെ നടത്തരുതെന്നതിനുള്ള ഉദാഹരണമായുള്ള ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂസ് നാഷനില്‍ ദിപക് ചൗരസ്യ നടത്തുന്ന ‘ഖോജ് ഖബര്‍’ എന്ന പരിപാടിയാണ് ഇപ്പോള്‍ വിമര്‍ശകരുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്.

ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികളോട് അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു അവതാരകന്‍ പരിപാടി മുന്നോട്ടുകൊണ്ടുപോയത്. വ്യക്തിപരമായ അഭിപ്രായം തുറന്നു പറഞ്ഞ ഒരു വിദ്യാര്‍ത്ഥിയോട് ഒച്ചയിടുകയും പരിസരം മറന്ന്‌ രൂക്ഷമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു ചൗരസ്യ.

ജെഎന്‍യുവില്‍ നിന്നുള്ള സണ്ണി ധീമനുമായാണ് ദീപക് ചൗരസ്യ കൊമ്പുകോര്‍ത്തത്. ചര്‍ച്ചയ്ക്കിടെ ജെഎന്‍യു വിദ്യാര്‍ത്ഥികളെ പാകിസ്താന്‍ വാദികളായും അവതാരകന്‍ ആക്ഷേപിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ പണമുപയോഗിച്ച് ജെഎന്‍യുവില്‍ പോയി പാകിസ്താന്‍ ജയ് വിളിക്കുന്നവരാണ് നിങ്ങളെന്ന് ചൗരസ്യ വിദ്യാര്‍ത്ഥിയോട് പറഞ്ഞു.

ചര്‍ച്ച വിവാദമായതോടെ സോഷ്യല്‍മീഡിയയും ട്രോളന്മാരും ഇത് ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് ചൗരസ്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ദീപക് ചൗരസ്യയുടെ മാധ്യമപ്രവര്‍ത്തനം ഫോക്‌സ് ന്യൂസിലേത് പോലെ അനുഭവപ്പെട്ടുവെന്നാണ് പോര്‍ച്ചുഗീസ് രാഷ്ട്രതന്ത്രജ്ഞന്‍ ബ്രൂണോ മക്കെയ്‌സ് പ്രതികരിച്ചു.

Exit mobile version