ന്യൂഡൽഹി: നിർഭയ കേസിലെ വിദി വീണ്ടും നീളുമെന്ന് ആശങ്ക. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ വിനയ് ശർമ്മ വിദഗ്ധ വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാർ ജയിലിൽവെച്ച് തല ചുമരിലിടിപ്പിച്ച് പരിക്കേറ്റതിനാൽ എത്രയും പെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നൽകണമെന്നാണ് ഇയാളുടെ അഭിഭാഷകന്റെ ആവശ്യം. തലയ്ക്കും വലതുകൈയ്ക്കും പരിക്കേറ്റ വിനയ് ശർമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയെ അറിയിച്ചു.
ഞായറാഴ്ച വൈകീട്ടാണ് വിനയ് ശർമ്മ ജയിലിൽവെച്ച് തല ചുമരിലിടിച്ച് സ്വയം പരിക്കേൽപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ ഉദ്യോഗസ്ഥരാണ് ഇയാളെ പിന്തിരിപ്പിച്ചത്. വിനയ് ശർമ്മയ്ക്ക് സാരമായി പരിക്കേറ്റതായി ജയിൽ അധികൃതരും അറിയിച്ചു ഇതിനുപിന്നാലെയാണ് ഇയാളുടെ അഭിഭാഷകൻ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിനയ് ശർമയ്ക്ക് സ്വന്തം അമ്മയെ പോലും ഇപ്പോൾ തിരിച്ചറിയാനാകുന്നില്ലെന്നും ഇയാൾക്ക് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വിനയ് ശർമയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകണമെന്നും അഭിഭാഷകനായ എപി സിങ് നൽകിയ അപേക്ഷയിൽ പറയുന്നു. അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി തിഹാർ ജയിൽ അധികൃതരിൽനിന്ന് റിപ്പോർട്ട് തേടി.
അതേസമയം, കേസിലെ പ്രതികളായ വിനയ് ശർമ്മ, അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നിവരെ മാർച്ച് മൂന്നിന് തൂക്കിലേറ്റാനാണ് തീരുമാനം. വിനയ് ശർമ്മയ്ക്ക് പരിക്കേറ്റതിനാൽ വധശിക്ഷ ഇനിയും നീണ്ടേക്കും.
Discussion about this post