ന്യൂഡൽഹി: ഷഹീൻബാഗ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് സമരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം പ്രതിഷേധക്കാരെ കാണാനെത്തി. പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നും പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് സുപ്രീംകോടതി നിർദേശം. ഇതിനായി പ്രതിഷേധക്കാരോട് മുതിർന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവരാണ് മധ്യസ്ഥ ചർച്ച നടത്തുക. സമരം നടത്തുന്നതിനെ കോടതി വിലക്കില്ലെന്നും ചർച്ചയിലൂടെ പരിഹാരം കാണാമെന്നുമാണ് മധ്യസ്ഥ സംഘം അറിയിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ രണ്ട് മാസം മുൻപ് ഷാഹീൻബാഗിൽ ആരംഭിച്ച സ്ത്രീകളുടെ പ്രതിഷേധമാണ് ഇപ്പോഴും തുടരുകയാണ്. ഷഹീൻബാഗിലെ പ്രധാന നിരത്ത് ഉപരോധിച്ച് പന്തലുയർത്തിയാണ് സമരം തുടരുന്നത്. അതേസമയം, കേന്ദ്രവുമായി പലതവണ ചർച്ചയ്ക്കായി പ്രതിഷേധക്കാർ ശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല.
അതേസമയം, പ്രതിഷേധക്കാരെ അനുനയിപ്പിക്കാനെത്തിയ മധ്യസ്ഥ സംഘം, നിങ്ങളെ കേൾക്കാൻ വേണ്ടിയാണ് ഞങ്ങളിവിടെയെത്തിയതെന്നായിരുന്നു പ്രതിഷേധക്കാരോട് പറഞ്ഞത്. സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഞങ്ങളിവിടെയെത്തിയത്. എല്ലാവരുമായും സംസാരിക്കാമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും സഹകരണത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സജ്ഞയ് ഹെഗ്‌ഡെ പ്രതിഷേധക്കാരോട് പറഞ്ഞു. വേദിയിൽ കയറി നിന്ന് പ്രതിഷേധക്കാരോട് മധ്യസ്ഥർ സുപ്രീംകോടതി നിർദേശം ഉറക്കെ വായിച്ച് കേൾപ്പിക്കുകയും ചെയ്തു.
‘എല്ലാവർക്കും പ്രതിഷേധം നടത്താനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമത്തെ നിങ്ങൾക്ക് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാം. എന്നാൽ നമ്മളെ പോലും മറ്റുള്ളവർക്കും സഞ്ചരിക്കുന്നതിനും കടകൾ തുറക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ട്.’-സാധന രാമചന്ദ്രൻ പറഞ്ഞു.
Discussion about this post