തർക്കങ്ങൾ അവസാനിച്ചില്ല; ട്രംപ് വ്യാപാര കരാറിൽ ഒപ്പുവെയ്ക്കില്ല; ക്രിക്കറ്റ് സ്‌റ്റേഡിയം മോഡിക്കൊപ്പം ഉദ്ഘാടനവും ചെയ്യില്ല

വാഷിങ്ടൺ/ ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊ
ണാൾഡ് ട്രംപ് വ്യാപാര കരാർ ഒപ്പുവയ്ക്കില്ലെന്ന് സ്ഥിരീകരിച്ചു. കരാർ മറ്റൊരവസരത്തിനായി മാറ്റിവയ്ക്കുകയാണെന്ന് ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. വാണിജ്യപരമായ ഒട്ടേറെ തർക്കങ്ങളിൽ ഇന്ത്യ-യുഎസ് ധാരണ ഇനിയും കൈവരാത്തതിനാലാണ് ട്രംപിന്റെ നടപടി.

ഇതോടൊപ്പം, കേന്ദ്ര സർക്കാർ ഏറെ കൊട്ടിഘോഷിച്ച മൊട്ടേരയിലെ, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യുമെന്ന റിപ്പോർട്ടുകളും ട്രംപ് തള്ളിയിട്ടുണ്ട്.

”ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാർ ഉണ്ടാകും. എന്നാൽ അത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവുമോ എന്നറിയില്ല. ഇന്ത്യയുടെ നിലപാടിനോട് അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ നരേന്ദ്ര മോഡി വളരെ നല്ല വ്യക്തിയാണ്”, എന്നാണ് ട്രംപ് വാഷിങ്ടണിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അഹമ്മദാബാദിലെ വൻ സ്വീകരണം കാത്തിരിക്കുന്നുവെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആയുധമാക്കാവുന്ന വ്യാപാര കരാറിൽ ധാരണയില്ല. അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് തീരുവ ഇളവിനുള്ള സമ്മർദ്ദമാണ് ധാരണയുണ്ടാവാത്തതിന് കാരണം.

നവംബർ മാസത്തിലാണ് അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കരാർ പ്രഖ്യാപിക്കുക എന്ന ലക്ഷ്യവും ട്രംപിനുണ്ട്. ‘നമസ്‌തെ ട്രംപി’നൊപ്പം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയുടെ ഉദ്ഘാടനവും നടക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പ്രോട്ടോക്കോൾ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.

Exit mobile version