തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഭവിച്ച മരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയാവുന്നു. ”ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വരുന്നുണ്ടെങ്കില്‍, ആ വ്യക്തി പിന്നെയെങ്ങനെ ജീവിച്ചിരിക്കും?”എന്നായിരുന്നു യോഗിയുടെ പ്രസ്താവന.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വ്യാപക അക്രമത്തിന് ഇടയാക്കിയിരുന്നു. 20ഓളം പേര്‍ക്കാണ് ഈ അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെക്കുറിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം. തന്റെ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരല്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി രംഗത്തുണ്ടാകും. ഡിസംബറിലെ അക്രമത്തിനു പിന്നാലെ പോലീസിന്റെ നടപടികളെ പ്രശംസിക്കണമെന്നും സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”പോലീസ് വെടിവെപ്പില്‍ ആരും മരിച്ചിട്ടില്ല. കലാപകാരികളില്‍ നിന്നുള്ള വെടിയുണ്ടകളേറ്റാണ് ഇവരെല്ലാം മരിച്ചത്. ആളുകളെ വെടിവച്ചു കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കുകയോ പോലീസുകാര്‍ മരിക്കുകയോ ചെയ്യുമെന്ന്” ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയാകുന്ന അമുസ്‌ലിംകളായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമം. അതിനുള്ള പ്രക്രിയ അതിവേഗത്തിലാക്കിയതോടെ സിഎഎക്കെതിരെ ലഖ്നൗ, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ നിരന്തരം പ്രതിഷേധം ഉയരുകയാണെന്നും യോഗി ചൂണ്ടിക്കാട്ടി.
‘ആസാദി മുദ്രാവാക്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. എന്താണ് ‘ആസാദി’? ജിന്നയുടെ (മുഹമ്മദ് അലി ജിന്ന) സ്വപ്നത്തിനായി നാം പ്രവര്‍ത്തിക്കണോ ? അതോ ഗാന്ധിയുടെ സ്വപ്നത്തിനായാണോ നാം പ്രവര്‍ത്തിക്കേണ്ടത്? എന്നും യോഗി ചോദിച്ചു.