ഫിറോസാബാദ്: ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയയാളെ പിടിച്ച് ട്രാഫിക് വളണ്ടിയറാക്കി യുപി പോലീസ്. ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ഒടുവില്‍ പരാതിയുമായി നേരെ എസ്പി ഓഫീസിലേക്കെത്തിയ സോനു ചൗഹാന് എന്നയാളോടാണ് നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ എസ്പി സചീന്ദ്ര പട്ടേല്‍ നിര്‍ദേശിച്ചത്.
ചൊവ്വാഴ്ചയാണ് ഫിറോസാബാദിലെ സുഭാഷ് റോഡില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യുപി പോലീസ് പരാതിക്കാരനായ സോനുവിനെ നിയമിച്ചത്. ട്രാഫിക് പോലീസിനൊപ്പം സോനു രണ്ട് മണിക്കൂറാണ് സുഭാഷ് റോഡിലെ ഗതാഗതം നിയന്ത്രിച്ചത്. ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ഹെല്‍മെറ്റും വസ്ത്രവും അണിഞ്ഞ് പോലീസ് വാഹനത്തിലാണ് സോനു ചൗഹാന് ഗതാഗത നിയന്ത്രണത്തിനിറങ്ങിയത്.
അനധികൃത പാര്‍ക്കിങ്, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കായി എട്ട് പേര്‍ക്ക് സോനുവിന്റെ ഗതാഗത നിയന്ത്രണത്തില്‍ ചലാന്‍ നല്‍കിയതായി ട്രാഫിക് ഇന്‍സ്പെക്ടര്‍ രാംദത്ത് ശര്‍മ്മ പറഞ്ഞു. 1600 രൂപ നിയമലംഘകരില്‍നിന്ന് പിഴ ഈടാക്കി. അവശേഷിക്കുന്ന പിഴതുക നിയമലംഘകര്‍ ട്രാഫിക് ഓഫീസിലെത്തി അടയ്ക്കുമെന്നും രാംദത്ത് ശര്‍മ്മ വ്യക്തമാക്കി.
ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് സാധാരണക്കാര്‍ക്ക് ഇത്തരത്തില്‍ ചുമതല നല്‍കുന്നതിലൂടെ മനസ്സിലാവുമെന്നും ഗതാഗത സാഹചര്യം കൂടുതല്‍ സുഗമമാക്കാന്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇത്തരം പരീക്ഷണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ട്രാഫിക് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
Discussion about this post