മംഗളൂരു: പൗരത്വ നിയമഭേദഗതിക്ക് എതിരെ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെ പോലീസിന് വലിയ വീഴ്ച പറ്റിയെന്ന് കർണാടക ഹൈക്കോടതി. മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ചിരുന്നു. അതേസമയം, പോലീസ് നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമർശിച്ചു.
പരാതിക്കാർ സമർപ്പിച്ച ഫോട്ടോയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസുകാർ കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കോടതി. പ്രതിഷേധക്കാർക്കെതിരെ പോലീസ് 31 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ള 21 പേർ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോൺ മൈക്കിൾ കുൻഹയാണ് ജാമ്യം അനുവദിച്ചത്.