വീടിന് മുന്നില്‍ ആറടി ഉയരത്തില്‍ കോട്ടും സ്യൂട്ടും ധരിച്ച ട്രംപിന്റെ പ്രതിമ, ദിവസവും പൂക്കളര്‍പ്പിച്ച് ”ജയ് ജയ് ട്രംപ്” എന്ന് പ്രാര്‍ത്ഥന; ഇത് ‘ട്രംപ് ഹൗസി’ലെ ട്രംപ് ആരാധകന്‍ ‘ട്രംപ് കൃഷ്ണ’

ഹൈദരാബാദ്: തെലുങ്കാന സ്വദേശി ബുസ്സ കൃഷ്ണയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്നാല്‍ ദൈവത്തിന് തുല്യമാണ്. വീടിന് തൊട്ട് സമീപത്ത് നിര്‍മ്മിച്ച ട്രംപിന്റെ പ്രതിമയില്‍ നിത്യവും പ്രാര്‍ത്ഥിച്ച ശേഷം മാത്രമേ ബുസ്സ ജോലിക്ക് പോകാറുള്ളൂ. ഇത്തരത്തില്‍ ട്രംപിനെ ആരാധിക്കുന്ന ബുസ്സ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ആഹ്ലാദത്തിലാണ്.

വീടിന് സമീപത്ത് ആറടി ഉയരത്തില്‍ കോട്ടും സ്യൂട്ടും ധരിച്ച ട്രംപിന്റെ പ്രതിമയാണ് ബുസ്സ നിര്‍മ്മിച്ചത്. പതിനഞ്ചുപണിക്കാര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍ കൊണ്ടാണ് പ്രതിമ കെട്ടിയുയര്‍ത്തിയത്. ഇതില്‍ പൂക്കളര്‍പ്പിച്ച്, നെറ്റിയില്‍ നീണ്ട ഗോപിക്കുറിയണിഞ്ഞ് ‘ഐ ലവ് യു ട്രംപ്..,ജയ് ജയ് ട്രംപ്..’ എന്നിങ്ങനെ ദിവസം പ്രാര്‍ത്ഥിക്കും. ജോലിക്ക് പോകുന്നതിന് മുമ്പ് എന്നും ട്രംപിന്റെ അനുഗ്രഹവും തേടും.

കൂടാതെ ട്രംപിന്റെ ചിത്രം ബുസ്സ നിത്യവും കൂടെക്കൊണ്ടുനടക്കുന്നുമുണ്ട്. ബുസ്സയുടെ ട്രംപ് ആരാധന നാട്ടുകാര്‍ക്കും അറിയാം. ട്രംപ് കൃഷ്ണയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ബുസ്സയെ വിളിക്കുന്നത്. ‘ട്രംപ് ഹൗസെ’ന്നാണ് ബുസ്സയുടെ വീട് ഇപ്പോള്‍ അറിയപ്പെടുന്നത്. നാട്ടുകാരും സമയം കിട്ടുമ്പോള്‍ ബുസ്സയ്‌ക്കൊപ്പം പ്രാര്‍ത്ഥനയ്ക്ക് കൂടാറുണ്ട്.

ട്രംപിന്റെ കടുത്ത ആരാധകനായ ബുസ്സ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത കേട്ടതുമുതല്‍ സന്തോഷത്തിലാണ്. അദ്ദേഹത്തിനെ ഒരു നോക്ക് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബുസ്സ. ‘ഞാന്‍ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി സഹായിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്” എന്ന് ബുസ്സ പറയുന്നു.

‘ഇന്ത്യ-അമേരിക്ക ബന്ധം എന്നെന്നും ശക്തമായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ട്രംപിന്റെ ദീര്‍ഘായുസ്സിന് വേണ്ടി എല്ലാ വെള്ളിയാഴ്ചയും ഞാന്‍ വ്രതം അനുഷ്ഠിക്കുന്നുണ്ട്. അദ്ദേഹത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്’ ബുസ്സ പറയുന്നു.

Exit mobile version