മഥുര: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി യമുനാനദിയിലേക്ക് 500 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടു. ഇതുമൂലം നദിയിലെ ഓക്‌സിജന്റെ തോത് വര്‍ധിക്കുമെന്നും മലിനീകരണം കുറക്കാനും ദുര്‍ഗന്ധം തടയാനും ഈ നടപടി ഒരു പരിധിവരെ സഹായിക്കുമെന്നും യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അരവിന്ദ് കുമാര്‍ അഭിപ്രായപ്പെട്ടു.
നിശ്ചിത അളവില്‍ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് 500 ക്യുസെക്‌സ് ജലം തുറന്നുവിട്ടതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. നദിയിലെ ഓക്‌സിജന്റെ തോത് ഇതുമൂലം വര്‍ധിക്കും. ഇതുമൂലം യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകുമെന്ന പ്രതീക്ഷയില്ലെങ്കിലും ദുര്‍ഗന്ധം കുറയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ നടപടി നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുനാ നദിയുടെ ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.
Discussion about this post