ബംഗളൂരു: മുതിര്‍ന്ന കന്നഡ നടിയും പ്രമുഖ ഭരതനാട്യം നര്ത്തകന് എന്‍ ശ്രീപദി ബല്ലാലിന്റെ ഭാര്യയുമായ കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു അവര്‍. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയില്‍ സജീവമായത്. സഹനടിയായി 70-ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
അമ്മവേഷങ്ങളിലാണ് കിഷോരി ഏറെയും തിളങ്ങിയത്. 1960ല്‍ പുറത്തിറങ്ങിയ ‘ഇവളെന്ത ഹെന്ദ്തി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭരതനാട്യം നര്‍ത്തകികൂടിയായ കിഷോരിയെത്തേടി പിന്നീട് അവസരങ്ങള്‍ ഒട്ടേറെയെത്തി. ആദ്യകാലങ്ങളില്‍ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി എന്നിങ്ങനെയായിരുന്നു സ്ഥിരംവേഷം.
2000-ത്തിനുശേഷമാണ് അമ്മവേഷങ്ങളില്‍ സജീവമായത്. 2004-ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് നായകനായ ഹിന്ദി ചിത്രം ‘സ്വദേശി’ല്‍ പ്രധാനവേഷം ലഭിച്ചു. 2016-ല്‍ പുറത്തിറങ്ങിയ ‘കാഹി’യാണ് അവസാനചിത്രം.
Discussion about this post