മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ പോലീസ് കോണ്‍സ്റ്റബിള്‍ വിവാഹിതനായി. മഹാരാഷ്ട്ര പോലീസിലെ ലളിത് സാല്‍വേയാണ് ലിംഗമാറ്റത്തിന് ശേഷം വിവാഹിതനായത്. ഔറംഗാബാദ് സ്വദേശിയാണ് ലളിതിന് ജീവിതസഖിയായത്. ലളിത എന്ന പേരില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയായി സേവനം ചെയ്യുന്നതിനിടെയാണ് സാല്‍വേ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. പിന്നാലെ ലളിത എന്ന പേര് മാറ്റി ലളിത് എന്നാക്കി മാറ്റുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഭീട് ജില്ലയിലെ മാല്‍ഗാവ് താലൂക്കിലുള്ള രാജേഗാവ് ഗ്രാമവാസിയാണ് ലളിത്. നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലളിത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്. മുംബൈയിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
പുരുഷനാകാന്‍ വേണ്ടി മൂന്ന് ശസ്ത്രക്രിയകള്‍ക്ക് ലളിതിന് വിധേയനാകേണ്ടി വന്നു. 1988 ജൂണില്‍ ജനിച്ച ലളിത കുമാരി സാല്‍വേ നാല് വര്‍ഷം മുമ്പാണ് ശരീരത്തിലെ പ്രകടമായ മാറ്റം തിരിച്ചറിഞ്ഞത്. പുരുഷ ഹോര്‍മോണുകള്‍ വളരെയധികം കണ്ടെത്തിയ പരിശോധനയെ തുടര്‍ന്ന് ലളിത് ഡോക്ടര്‍മാരുടെ വിദഗ്ധോപദേശം തേടി. പിന്നീട് ലിംഗമാറ്റത്തിനായി അനുമതി ലഭിക്കാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഇതിനിടെ, പോലീസ് വകുപ്പില്‍ ലിംഗമാറ്റ ശസ്ത്രക്രിയ വിഷയം സാങ്കേതിക തടസ്സങ്ങള്‍ക്കും കാരണമായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഹാരാഷ്ട്രാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള അവധി അനുവദിക്കണമെന്ന ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയത്.
Discussion about this post