അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ട്രംപെത്തുന്നതിന് മുന്നോടിയായി സുരക്ഷാ ഉപകരണങ്ങൾ വഹിച്ചുകൊണ്ട് അമേരിക്കയിൽ നിന്നുള്ള വിമാനങ്ങൾ അഹമ്മദാബാദിൽ ഇറങ്ങിത്തുടങ്ങി. തിങ്കളാഴ്ച അഹമ്മദാബാദിൽ ഇറങ്ങിയ പ്രത്യേക കാർഗോ വിമാനത്തിൽ ട്രംപിന്റെ സുരക്ഷയ്ക്കായുള്ള ഉപകരണങ്ങളാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 24നാണ് നമസ്‌തേ ട്രംപ് എന്ന് പേരിട്ടിരിക്കുന്ന റോഡ് ഷോ. 24 കിലോമീറ്റർ വരുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് സബർമതി ആശ്രമത്തിൽ അവസാനിക്കും.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്. വിവിധ ഹോട്ടലുകൾ ക്യാംപ് ചെയ്ത് ഇവർ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ളവ നിരീക്ഷിച്ചുവരികയാണ്.
അടുത്ത ദിവസങ്ങളിൽ ട്രംപിനുള്ള സുരക്ഷാ സന്നാഹങ്ങളുമായി അമേരിക്കയിൽ നിന്നുള്ള വിമാനങ്ങൾ അഹമ്മദാബാദ് വിമാനത്താവളത്തിൽ പറന്നിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിമാനങ്ങളിൽ ട്രംപിന് സഞ്ചരിക്കാനുള്ള വാഹനങ്ങളും സുരക്ഷയൊരുക്കാനുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്നാണ് സൂചന. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി നാല് ചരക്ക് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
അമേരിക്കൻ രഹസ്യവിഭാഗത്തിന്റെ നിയന്ത്രണത്തിലായിരിക്കും ട്രംപിന്റെ സന്ദർശനം.
Discussion about this post