ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിര്‍മ്മാണം വൈകിപ്പിക്കുന്നത് കോണ്‍ഗ്രസാണെന്ന് മോഡി കുറ്റപ്പെടുത്തി.
വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് അയോധ്യകേസില്‍ വാദം തുടരുന്നത് നീട്ടിവെയ്ക്കാന്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയോട് ആവശ്യപ്പെടുകയാണെന്ന് മോഡി ആരോപിച്ചു.
കോണ്‍ഗ്രസ് നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഭീതിയുടെ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ ഏതെങ്കിലും ജഡ്ജി തയ്യാറായാല്‍ അവരെ ഇംപീച്ച്മെന്റ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതാവായ രാജ്യസഭ എംപിയെന്ന് കപില്‍ സിബലിന്റെ പേരുപറയാതെ മോഡി ആരോപിച്ചു.
അപകടകരമായ കളിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. ജുഡീഷ്യറിയില്‍ കോണ്‍ഗ്രസിന് യാതൊരു വിശ്വാസവുമില്ല. രാജ്യസഭയിലെ അംഗബലത്തെ അടിസ്ഥാനമാക്കി ജുഡിഷ്യറിയെ ഭയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ നീതിയുടെ വഴിയിലുടെ ധൈര്യമായി മുന്നോട്ടുപോകാന്‍ ജഡ്ജിമാരോട് മോഡി ആഹ്വാനം ചെയ്തു.രാജസ്ഥാനിലെ ആള്‍വാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ എഎച്ച്പിയുടെ നേതൃത്വത്തിലും ശിവസേനയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കുകയാണ്. രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ എത്തിയ ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ഇനിയും പണിതില്ല എങ്കില്‍ ബിജെപി ഇനി അധികാരത്തില്‍ എത്തില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ പണി കഴിപ്പിച്ചില്ലെങ്കില്‍ ശിവസേന സ്വന്തമായി പണിയുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
ഇതെ ആവശ്യവുമായി വിഎച്ച്പിയും അയോധ്യയില്‍ യോഗം നടത്തുന്നുണ്ട്. രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് അയോധ്യയില്‍ ഇതിനായി ഒത്തു കൂടിയിരിക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ഇത്ര അധികം ആളുകള്‍ ഇവിടെ ഒന്നിക്കുന്നത് ആദ്യമായിട്ടാണ്. ഈ സാഹചര്യത്തിലാണ് അയോധ്യവിഷയത്തില്‍ ഇത് വരെ പ്രതികരിക്കാതിരുന്ന മോഡി മൗനം വെടിഞ്ഞത്.
വിഷയത്തില്‍ ബിജെപിക്കെതിരെ വരുന്ന ആരോപണങ്ങള്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ തലയില്‍ വച്ച് ആരോപണങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയാണ് മോഡി.
Discussion about this post