ലഖ്നൗ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവ് പ്രമാണിച്ച് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഇപ്പോള്‍ കൂട്ടത്തില്‍ തിളങ്ങാന്‍ തയ്യാറെടുക്കുകയാണ് ആഗ്രയും താജ്മഹലും. ഫെബ്രുവരി 24,25 തിയ്യതികളില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിന്റെ കാര്യപരിപാടികളില്‍ താജ്മഹല്‍ സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ താജ്മഹലിന് ചുറ്റുമുള്ള മതിലുകളെല്ലാം പെയിന്റ് ചെയ്ത് ഭംഗിയാക്കി. മതിലുകളില്‍ കലാകാരന്മാരെക്കൊണ്ട് വാള്‍ പെയിന്റിങ്ങുകളും ചെയ്തു. താജ്മഹലിലേക്കുള്ള റോഡുകളും വൃത്തിയാക്കിയിട്ടുണ്ട്. ഡിവൈഡുറകള്‍ പെയിന്റടിച്ചു. റോഡുകള്‍ക്ക് മധ്യത്തിലുള്ള പ്രതിമകള്‍ മുഖംമിനുക്കുകയും ചെയ്തു.
താജ്മഹലിന് സമീപമുള്ള കലാകൃതി ഓഡിറ്റോറിയിത്തില്‍ സംഘടിപ്പിക്കുന്ന മൊഹബത്ത് എന്ന സാംസ്‌കാരിക പരിപാടിയിലും ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന. ട്രംപിന്റെ സുരക്ഷയ്ക്കായി 5000 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനുവരി മാസം ആദ്യം യുഎസില്‍ നിന്നുള്ള സുരക്ഷാ സംഘം താജ്മഹല്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു.