ന്യൂഡൽഹി: ടെലികോം മേഖലയെ തന്നെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ടെലികോം കമ്പനിയായ വോഡഫോൺ-ഐഡിയയ്ക്കായി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി. ഒറ്റരാത്രികൊണ്ട് കുടിശ്ശികയെല്ലാം അടച്ചുതീർക്കണമെന്ന് സർക്കാർ ഉത്തരവിട്ടാൽ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് റോഹ്ത്തഗി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശാബ്ദത്തിൽ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിർന്ന അഭിഭാകൻ മുകുൾ രോഹ്തഗി വ്യക്തമാക്കി.
ഒറ്റരാത്രികൊണ്ട് കുടിശ്ശിക അടച്ചുതീർക്കാൻ കഴിയില്ലെന്നാണ് കമ്പനികൾ ടെലികോം ഡിപ്പാർട്ട്മെന്റിനോട് പറയുന്നത്. സർക്കാരും ഈ അവസ്ഥ മനസിലാക്കേണ്ടതുണ്ട്.ഇത് ടെലികോം മേഖലയെ ഒന്നാകെ ബാധിക്കുമെന്നും ടെലികോം രംഗത്തെ മത്സരത്തെ തുടച്ചുനീക്കുമെന്നും രണ്ട് കമ്പനികൾ മാത്രം ശേഷിക്കുന്ന അവസ്ഥയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം എൻഡി ടിവിയോട് പറഞ്ഞു. വോഡഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വന്നാൽ 10,000ൽ അധികം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും 30 കോടി ഉപഭോക്താക്കളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
7000 കോടി രൂപയുടെ കുടിശ്ശികയാണ് വോഡഫോൺ ഐഡിയ സർക്കാരിന് നൽകാനുള്ളത്. ഇതിന്റെ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതൽ 25,000 കോടി വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ടെലികോം സ്ഥാപനങ്ങൾ ഉടൻ തന്നെ എല്ലാ കുടിശ്ശികകളും സർക്കാരിന് നൽകണമെന്ന സുപ്രീംകോടതി ഉത്തരവാണ് കമ്പനികൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കമ്പനി ഇതിനകം 2150 കോടി രൂപയാണ് തിരിച്ചടച്ചിട്ടുള്ളത്.
ഒറ്റരാത്രികൊണ്ട് പണം നൽകണമെന്ന് സർക്കാർ നിർബന്ധിച്ചാൽ വോഡഫോണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
Discussion about this post