അഹമ്മദാബാദ്: കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര നടത്തിയ വരനും സംഘത്തിന് നേരെ കല്ലേറ്. ഗുജറാത്തിലെ ബന്‍സകന്ത ശരീഫ്ദാ സ്വദേശിയും സൈന്യത്തിലെ ജവാനുമായ ആകാശ് കുമാര്‍ കോട്ടിയ ആണ് വരന്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ കുതിരപ്പുറത്ത് കയറി ഘോഷയാത്ര നടത്തിയതിനാണ് ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവര്‍ കല്ലേറ് നടത്തിയത്.
ആകാശിന്റെ വിവാഹത്തിന് വരന് കുതിരപ്പുറത്തേറി പോവുകയാണെങ്കില്‍ അതിന് അനുവദിക്കില്ലെന്ന് ഉയര്‍ന്നജാതിക്കാരായ ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവരുടെ നേരത്തെ ഭീഷണി നിലനിന്നിരുന്നു.
ഇതിനെത്തുടര്‍ന്ന് വരനും സംഘവും പോലീസ് സഹായം തേടി. എന്നാല്‍ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോയതോടെ ഇവര്‍ കല്ലെറിയുകയായിരുന്നു.
ഏഴ് പോലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നെങ്കിലും ആക്രമണം ചെറുക്കാനാവാത്ത വിധം അക്രമാസക്തമായിരുന്നു. കല്ലേറില്‍ വരനും ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കും സാരമായി പരിക്കേറ്റതായാണ് വിവരം. സംഘര്‍ഷം ഉടലെടുത്തതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറയുന്നു.
Discussion about this post