മീററ്റ്: പ്രണയബന്ധത്തിന്റെ പേരില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദിയെ അര്‍ധസഹോദരന്‍ വെടിവെച്ചു കൊന്നു. മീററ്റിലെ സര്‍ദാന സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ടീന ചൗധരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടീനയുടെ അര്‍ധസഹോദരന്‍ പ്രശാന്ത് ചൗധരി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രശാന്ത് ഒളിവിലാണ്. കുടുംബാംഗങ്ങളായ നാലുപേര്‍ കസ്റ്റഡിയിലാണെന്ന് പോലീസ് പറയുന്നു. ടീനയും ഒരു യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം ടീന വീട്ടിലറിയിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഒരുകാരണവശാലും ഈ ബന്ധം അംഗീകരിക്കില്ലെന്നും അവസാനിപ്പിക്കണമെന്നും പ്രശാന്ത് അടക്കമുള്ളവര്‍ ടീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം തള്ളി ടീന തന്റെ പ്രണയം തുടര്‍ന്നു.
ഇതിനിടെ ശനിയാഴ്ച ബന്ധുക്കളടക്കം പങ്കെടുത്ത ഒരു ജന്മദിന ആഘോഷത്തിനിടെ പ്രശാന്ത് ടീനയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം അമിതമായി മദ്യപിച്ച പ്രശാന്ത് ടീനയുടെ സ്വകാര്യഭാഗങ്ങളിലാണ് വെടിയുതിര്‍ത്തത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്നും പിന്‍ഭാഗത്തുനിന്നും മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തത്. സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് പ്രശാന്ത് ഓടിരക്ഷപ്പെടുകയായിരുന്നു.
അതേസമയം, വെടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ടീനയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. മനഃപൂര്‍വ്വം വൈകിച്ചതെന്ന ആരോപണവും ഉയര്‍ന്നു. സംഭവത്തില്‍ പ്രശാന്തിനെ രക്ഷപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമം നടത്തി. കവര്‍ച്ചാശ്രമത്തിനിടെ അക്രമികള്‍ വെടിവെച്ചതാണെന്നായിരുന്നു ആദ്യത്തെ മൊഴി. സംഭവസ്ഥലത്ത് നിന്ന് രക്തക്കറയടക്കം തുടച്ചുനീക്കുകയും ചെയ്തു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച പോലീസിന് സംശയം വര്‍ധിച്ചതോടെയാണ് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഇതോടെ പ്രശാന്തിന്റെ ക്രൂരത വെളിപ്പെട്ടത്.
Discussion about this post