ന്യൂഡൽഹി: സൈന്യത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. വനിതാ സൈനികർക്ക് സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. സൈന്യത്തിന്റെ ഉയർന്ന പദവിയിൽ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സൈന്യത്തിലെ സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സൈന്യത്തിനകത്ത് വനിതകളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളില്ല. സ്ത്രീകളുടെ ശാരീരിക സവിശേഷതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിർപ്പിനെയും കോടതി നിരാകരിച്ചു. സർക്കാരിന്റെ മനഃസ്ഥിതിയിൽ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.
സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും അവരുടെ സർവീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നേരത്തെ, നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മീഷൻ പദവികൾ നൽകാൻ 2010-ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദരത്തിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.