ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ആം ആദ്മി പാർട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ വാർത്തകളിൽ നിറയുന്നത് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ചർച്ചകൾ. 70 ൽ 62 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. വീണ്ടും മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാളും കഴിഞ്ഞതവണത്തെ മന്ത്രിമാരായ ആറുപേരും സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറുകയായിരുന്നു. പതിവുപോലെ ഇത്തവണയും അരവിന്ദ് കെജരിവാളിന്റെ നിമന്ത്രിസഭയിൽ ഒരു വനിത പോലുമില്ല. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ത്രീ ക്ഷേമത്തിലൂന്നിയാണ് കെജരിവാൾ പ്രചാരണം നടത്തിയത്. 9 വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ പാർട്ടിയുടെ 8 വനിതാ സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു.
അതിഷി മാർലെന, രാഖി ബിർല, രാജ് കുമാരി ദില്ലൺ, ധൻവാദി ചന്ദേവാല, പാർമിള ടോക്കാസ്, ഭവ്ന ഗോർ, ബന്ധന കുമാരി എന്നിവരാണ് വിജയിച്ച സ്ഥാനാർത്ഥികൾ. ഇത്തവണ ആംആദ്മി 9 വനിത സ്ഥാനാർത്ഥികളെയായിരുന്നു മത്സരിപ്പിച്ചത്. 2015 ൽ പാർട്ടി എട്ട് വനിതകളെയായിരുന്നു മത്സരിപ്പിച്ചത്. മുഴുവൻ പേരും വിജയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ന് കെജരിവാൾ മന്ത്രിസഭയിൽ വകുപ്പുകൾ വ്യക്തമല്ലെങ്കിലും മനീഷ് സിസോദിയ, സത്യേന്ദ്യർ ജയിൻ, ഗോപാൽ റായ്, ഇമ്രാന് ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗെഹ്ലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Discussion about this post