ഗാസിയാബാദ്: ഡല്‍ഹി പോലീസിനെ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ശശി മാല (44) ആണ് മരിച്ചത്. ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയിലാണ് ദാരുണമായ സംഭവം. ഡല്‍ഹിയില്‍ പോലീസ് കണ്ട്രോള് റൂം വാഹനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥയാണ് അവര്‍.
മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതും ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അമ്മയെ മകള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബിഹാറില്‍ പോയിരുന്ന ഭര്‍ത്താവ് അവിടെനിന്ന് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തി.
പോലീസിനെ വിവരം അറിയിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവരുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ശശി മാലയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. സംശയം തോന്നിയ പോലീസ് മകളെ ചോദ്യംചെയ്യുന്നതിനിടെ 15കാരി കുഴഞ്ഞുവീഴുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു. കാമുകനെ കാണരുതെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് മകള്‍ പറയുന്നത്.
Discussion about this post