സത്യപ്രതിജ്ഞ ചടങ്ങ്; കെജരിവാളിനൊപ്പം വേദി പങ്കിടുന്നത് ശുചീകരണ തൊഴിലാളികള്‍ അടക്കം സാധാരണക്കാരുടെ പ്രതിനിധികളായ 50 പേര്‍

ഡല്‍ഹിയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് മനീഷ് സിസോദിയ പറയുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 62 ഉം നേടി അധികാരത്തിലെത്തിയ കെജരിവാള്‍ സത്യപ്രതിജ്ഞ ചടങ്ങിന് തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് കെജരിവാളിനൊപ്പം വേദി പങ്കിടുന്നത് സാധാരണക്കാരുടെ പ്രതിനിധികളായ 50 പേരാണ്. അംഗനവാടി വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് മാര്‍ഷലുകള്‍, പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ഉള്ളവര്‍ തുടങ്ങിയവരുടെ പ്രതിനവിധികളെയാണ് വിശിഷ്ടാതിഥികളായി ക്ഷണിക്കുന്നത്. ഡല്‍ഹിയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് മനീഷ് സിസോദിയ പറയുന്നു.

ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇവരുടെയെല്ലാം പ്രതിനിധികള്‍ വേദിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അധ്യാപകര്‍, സിഗ്‌നേച്ചര്‍ ബ്രിഡ്ജിന്റെ ആര്‍ക്കിടെക്ടുമാര്‍, ജോലിക്കിടെ മരണമടഞ്ഞ അഗ്‌നിശമന സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മെട്രോ ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മഹിളാ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍, ബൈക്ക് ആംബുലന്‍സ് റൈഡര്‍മാര്‍, എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായേക്കുമെന്നാണ് വിവരം. ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കെജരിവാളിനൊപ്പം ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

Exit mobile version