ഞാന്‍ അങ്ങനെ ചെയ്യുമോ..! കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: താന്‍ അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലിയില്‍ വെച്ച് കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന് ജാവഡേക്കര്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തെത്തിയിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് മന്ത്രി ഇപ്പോള്‍.

‘അരവിന്ദ് കെജ്‌രിവാളിനെ നിരാകരിക്കാന്‍ ഡല്‍ഹിക്കാര്‍ക്ക് ഒരു കാരണമുണ്ട്. കെജ്‌രിവാള്‍ നിഷ്‌കളങ്കമായ മുഖത്തോടെ ചോദിക്കും- ഞാനൊരു ഭീകരവാദിയാണോ എന്ന്. നിങ്ങളൊരു ഭീകരവാദിയാണ്. അതിന് മതിയായ തെളിവുകളുണ്ട്. നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു അരാജകവാദിയാണെന്ന്. അരാജകവാദിയും തീവ്രവാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല’ എന്നായിരുന്നു ജാവഡേക്കറിന്റെ പരാമര്‍ശം

ഇതിന്റെ വീഡിയോ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് താന്‍ അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രകാശ് ജാവഡേക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പൂണെയില്‍ വെച്ച് നടന്ന പരിപാടിയിലാണ് പ്രകാശ് ജാവഡേക്കര്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പ്രധാന അനന്തരഫലം കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയമാണെന്നും
കോണ്‍ഗ്രസിന് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ട് കിട്ടി. എന്നാല്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നാലുശതമാനം വോട്ടാണ് കിട്ടിയതെന്നും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version