അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരികൾ മതിൽകെട്ടി മറയ്ക്കാനുള്ള തീരുമാനത്തിൽ ചെറിയ മാറ്റം. സംഭവം വിവാദമായതോടെയാണ് ആറടി പൊക്കത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മതിൽ നാലടി പൊക്കത്തിലേക്ക് താഴ്ത്താൻ തീരുമാനമായി. ഇതോടെ ആറടി പൊക്കത്തിൽ കെട്ടിപ്പൊക്കിയ മതിലിന്റെ ഭാഗം പൊളിക്കാനും ആരംഭിച്ചു. ആറടി നീളത്തിൽ ഇതുവരെ പണിഞ്ഞ ഭാഗങ്ങൾ പൊളിച്ച് നാലടിയാക്കുമെന്നും അപ്പോൾ കാഴ്ച മറയില്ലല്ലോ എന്നുമാണ് അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്റ പറയുന്നത്.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ട്രംപും മോഡിയും വരുന്ന വഴിയിലെ ചേരികളാണ് ഇത്തരത്തിൽ മതിൽക്കെട്ടി മറയ്ക്കുന്നത്. റോഡ് ടാറിട്ട് മെച്ചപ്പെടുത്തുന്നതടക്കം കോടികൾ ചെലവഴിച്ച് വൻ ഒരുക്കങ്ങളാണ് അതിവേഗം നടക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24നാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോഡിയും ട്രംപും പങ്കെടുക്കും. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും. മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെത്തന്നെയാണ് ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുക.