ഒരു തവണ വിലക്കിയതോടെ ആരും കാശ്മീരിലേക്ക് പോയില്ലെന്ന് അമിത് ഷാ; താങ്കളുടെ സമ്മതമില്ലാതെ കാശ്മീരിൽ പോയത് ആരും പറഞ്ഞ് തന്നില്ലേയെന്ന് തിരിച്ചടിച്ച് യെച്ചൂരി

ന്യൂഡൽഹി: കാശ്മീരിലേക്കുള്ള സന്ദർശനത്തിന് വിലക്ക് കൊണ്ടുവന്നതിനു ശേഷം പിന്നീട് സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും കാശ്മീരിലേക്ക് പോയിട്ടില്ലെന്ന് പറഞ്ഞ് നാണംകെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തവണ വിലക്കിയതിന് ശേഷം പിന്നീട് താൻ കാശ്മീരിലേക്ക് പോയില്ലെന്ന ഷായുടെ വാദം കള്ളമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചു. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മൂന്ന് തവണ താൻ കശ്മീർ സന്ദർശിച്ചിട്ടുണ്ടെന്ന് യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘ഈ രാജ്യത്തെ പൗരന് ഇന്ത്യയിലെവിടേയും യാത്ര ചെയ്യാൻ അമിത് ഷായുടെ അനുമതി വാങ്ങേണ്ടി വരുന്നത് എന്നുമുതലാണ്? മിസ്റ്റർ ഷാ, പക്ഷേ, ഞാൻ വീണ്ടും കാശ്മീരിലേക്ക് പോയി. നിങ്ങളുടെ അനുവാദമില്ലാതെ, സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്ത ശേഷം. ഞാൻ മൂന്ന് തവണ കശ്മീരിലേക്ക് പോയി എന്ന് നിങ്ങളുടെ ഏജൻസികൾ നിങ്ങളോട് പറഞ്ഞിട്ടില്ലായെങ്കിൽ നിങ്ങൾ ക്രൂരവും വിവേകശൂന്യവുമായ ഒരു സർക്കാർ മാത്രമല്ല കഴിവില്ലാത്ത സർക്കാർ കൂടിയാണെന്ന് തെളിയിക്കുകയാണ്.’, യെച്ചൂരി ട്വീറ്റ് ചെയ്തു.

നേരത്തെ ടൈംസ് നൗ സമ്മിറ്റിലായിരുന്നു അമിത് ഷായുടെ പരാമർശം. (സീതാറാം യെച്ചൂരിയേയും രാഹുൽ ഗാന്ധിയേും ഒരിക്കൽ തടഞ്ഞതിന് ശേഷം അവർ കാശ്മീരിലേക്ക് പോയില്ല. അവർക്കിപ്പോൾ അവിടേക്ക് പോകാം, ആർക്കും പോകാം, ഞങ്ങൾ എല്ലാവർക്കും അനുമതി കൊടുക്കുന്നുണ്ട്.- എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

നേരത്തെ കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പുറത്തുനിന്നുള്ള നേതാക്കളെ കാശ്മീർ സന്ദർശിക്കാൻ അനുവദിച്ചിരുന്നില്ല.

Exit mobile version