ന്യൂഡൽഹി: അങ്ങനെ വീണ്ടും മറ്റൊരു തെറ്റിദ്ധാരണ കൂടി നീക്കി കേന്ദ്രസർക്കാർ. ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാണെന്ന പൊതുധാരണയാണ് കേന്ദ്ര യുവജന മന്ത്രാലയം തിരുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിൽ ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ജനപ്രീതിവെച്ചു നോക്കിയാൽ ക്രിക്കറ്റാകും ദേശീയ കായിക വിനോദമെന്ന് തെറ്റിധരിക്കുകയും വേണ്ട. ദേശീയ പുഷ്പം പോലെ ഇന്ത്യയ്ക്ക് ദേശീയ കായികവും ഇല്ല. ദേശിയ മൃഗവും ദേശീയ പക്ഷിയുമൊക്കെയാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ, ഇന്ത്യയ്ക്ക് ഒരു ദേശീയ കായിക വിനോദമില്ലെന്നാണ് മന്ത്രാലയം പറയുന്നത്. മഹാരാഷ്ട്രയിലെ വികെ പാട്ടീൽ ഇന്റർനാഷണൽ സ്കൂളിലെ അധ്യാപകനായ മയുരേഷ് അഗർവാളാണ് എന്ന് മുതലാണ് ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചത്.
എന്നാൽ, ഏതെങ്കിലും ഒരു കായിക വിനോദത്തെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എല്ലാ കായിക വിനോദങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നുമാണ് യുവജനക്ഷേമ മന്ത്രാലയം നൽകിയ മറുപടിയെന്നു മയുരേഷ് അഗർവാൾ പറയുന്നു.
Discussion about this post