ന്യൂഡൽഹി: ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി എജിആർ കുടിശിക പിരിച്ചെടുക്കാതെ ഒഴിഞ്ഞുമാറുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന് എതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. കോടതി വിധി തടയാൻ ഒരു ഡസ്‌ക് ഓഫീസറിന് എന്ത് അധികാരമാണുള്ളതെന്നെന്ന് ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് എംആർ ഷായും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഉദ്യോഗസ്ഥന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും കോടതിയുടെ നിരീക്ഷണത്തിലുണ്ട്. കോടതി ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെങ്കിൽ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുൺ മിശ്ര തുറന്നടിച്ചു.
സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പ്രകാരം ടെലികോം കമ്പനികളിൽ നിന്നും പണം പിരിക്കേണ്ട ഉദ്യോഗസ്ഥൻ തന്റെ ജോലി ചെയ്യുന്നില്ല. ടെലികോം കമ്പനികൾ ആണെങ്കിൽ പണം നൽകുന്നുമില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്ര ആരാഞ്ഞു.
സുപ്രീം കോടതി വിധിക്ക് എതിരെ സർക്കാർ ഉദ്യോഗസ്ഥൻ നിലപാട് സ്വീകരിക്കുകയാണെങ്കിൽ ഈ രാജ്യത്ത് നിയമം നിലനിൽക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു. അഴിമതി തുടച്ച് നീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാൽ ജുഡീഷ്യൽ വ്യവസ്ഥയിൽ ബഹുമാനം ഇല്ലാത്തവർ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടികാട്ടി.
എജിആർ കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികൾ ആയ എയർ ടെൽ, വോഡഫോൺ എന്നീ കമ്പനികൾക്കും, കുടിശിക പിരിച്ച് എടുക്കുന്നതിൽ പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കും എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട്. പണമടച്ചില്ലെങ്കിൽ ടെലികോം കമ്പനികളുടെ സിഎംഡിമാരോടും, ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരോടും 17 ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു.