ലഖ്നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രസംഗിച്ചതിന്റെ പേരിൽ ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം (എൻഎസ്എ) കേസെടുത്തു. ഡിസംബർ 12നാണ് കഫീൽ ഖാൻ അലിഗഢ് സർവകലാശാലയിൽ പ്രസംഗം നടത്തിയത്. ജനുവരി 29ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് മുംബൈ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിച്ച കഫീൽ ഖാനെ ഇപ്പോൾ മഥുര ജയിലിലാണ് അടച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് അദ്ദേഹം അലിഗഢിൽ നടത്തിയ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതാണെന്നാരോപിച്ചാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്.
കഫീൽ ഖാന് ജാമ്യം തേടി അദ്ദേഹത്തിന്റെ ബന്ധുക്കൾ അലിഗഡ് കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യ നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ആദ്യത്തെ കേസിൽ പുതിയ വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന് ഉടനെ ജയിൽ മോചനം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണെന്ന് കഫീൽ ഖാന്റെ സഹോദരൻ അദീൽ ഖാൻ പറഞ്ഞു.
ഉത്തർപ്രദേശിലെ ഗൊരഖ്പുർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽ ഖാൻ ഓക്സിജൻ കിട്ടാതെ ശിശുക്കൾ കൂട്ടത്തോടെ മരിച്ച സംഭത്തിൽ ഇടപെട്ടതോടെയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനും കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിനും അദ്ദേഹം അനഭിമതനായത്.
Discussion about this post