ന്യൂഡൽഹി: ജമ്മുകാശ്മീരിൽ മൂന്ന് ഹിസ്ബുൾ ഭീകരർ സ്ഫോടനം നടത്താനായി ഡൽഹിയിലേക്ക് കടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനൊപ്പം അറസ്റ്റിലായ കേസിൽ പുരോഗതി. ഇവരുമായി ബന്ധമുണ്ടായിരുന്ന ഒരു കാശ്മീർ വ്യാപാരിയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കാശ്മീരിലെ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ തൻവീർ അഹമ്മദ് വാനിയാണ് എൻഐഎയുടെ പിടിയിലായത്.
ഇയാൾക്ക് മുമ്പ് പിടിയിലായ ഹിസ്ബുൾ ഭീകരൻ നവീദ് മുസ്താഖുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്. ഡൽഹിയിൽ നിന്നും ഇയാളെ ജമ്മുകാശ്മീരിലെത്തിച്ചു. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താനായി പാകിസ്താനിൽ നിന്ന് പണമെത്തിക്കാൻ ഇടനിലക്കാരനായി തൻവീർ അഹമ്മദ് വാനി പ്രവർത്തിച്ചതായും അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ ആറാമത്തെ അറസ്റ്റാണ് വാനിയുടേത്. കഴിഞ്ഞ മാസം 11 നാണ് ഭീകരർക്കൊപ്പം കുൽഗാമിൽ നിന്ന് ജമ്മു കാശ്മീർ പോലീസിലെ ഡിഎസ്പി ദേവീന്ദർ സിങിനെയും മൂന്ന് ഹിസ്ബുൾ ഭീകരരേയും പിടികൂടിയത്.
Discussion about this post