കാക്കിനട: വൈറസ് ബാധിച്ച് ആയിരക്കണക്കിന് ബ്രോയിലര്‍ കോഴികള്‍ ചത്തൊടുങ്ങിയതിന് പിന്നാലെ കോഴിയിറച്ചി കഴിക്കരുതെന്ന നിര്‍ദേശവുമായി ഡോക്ടര്‍മാര്‍. ആന്ധ്രാപ്രദേശിലെ ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് വ്യാപകമായി കോഴികള്‍ ചത്ത് വീണത്. വെരി വൈറുലന്റ് ന്യൂകാസില്‍ ഡിസീസ് (വിവിഎന്ഡി) എന്ന വൈറസാണ് കോഴികളെ ബാധിച്ചത്. പിന്നാലെ ചത്ത് വീഴുകയായിരുന്നു.
കൂട്ടമായ ചത്തൊടുങ്ങലിനെ തുടര്‍ന്ന് ജില്ലകളിലെ ഭീമാവരം, തണുക്കു പ്രദേശങ്ങളില്‍ കോഴി വില്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസമായി ഈ പ്രദേശത്ത് കോഴിയിറച്ചി വില്പന പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേ സമയം ഇതേ വൈറസ് ബാധ മൂലം കോഴികള്‍ ചത്ത നിഡാഡാവോലെയില്‍ വില്പനക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
കുറച്ച് ദിവസത്തേക്കെങ്കിലും ആളുകള്‍ കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെറ്റിനറി ഡോക്ടര്‍മാരാണ് രംഗത്ത് വന്നിരിക്കുന്നത്. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിയിറച്ചി വില്‍ക്കാതിരിക്കാന്‍ ഇറച്ചി വില്പനക്കാര് തയ്യാറാവണമെന്ന് തണുക്കു എംഎല്‍എയായ കരുമുറി വെങ്കട്ട നാഗേശ്വര റാവുവും അഭ്യര്‍ത്ഥിച്ചു.
വൈറസ് ബാധയേറ്റ് കോഴികള്‍ ചത്ത ഫാമുകളൊന്നും മൂന്ന് മാസത്തേക്ക് തുറക്കരുതെന്നും അതിന് ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് പരീക്ഷണാടിസ്ഥാനത്തില്‍ 20 വരെ കോഴികളെ വളര്‍ത്തി നോക്കാമെന്നും ഇവക്ക് പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മാത്രമേ ഫാമിന്റെ പ്രവര്‍ത്തനം ആരംഭിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശം നല്കി.
Discussion about this post