ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരു നല്‍കും. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവര്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നാക്കി മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2014 മുതല്‍ 2019 വരെ വിദേശകാര്യ മന്ത്രിയായിരിക്കെ തന്റെ പദവിക്ക് മാനുഷിക മുഖം നല്‍കിയതിലൂടെ സുഷമ സ്വരാജ് ശ്രദ്ധനേടിയിരുന്നു.
ട്വിറ്ററിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് വിദേശകാര്യ മന്ത്രാലയത്തെ അവര്‍ ജനകീയമാക്കി. രാഷ്ട്രീയ ഭേദമന്യേ നേതാവിനോടുള്ള പ്രിയം ഇരട്ടിച്ചു. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ബിജെപി വക്താവാകുന്ന ആദ്യ വനിതയുമായിരുന്നു സുഷമ സ്വരാജ്. 2019 ഓഗസ്റ്റ് ആറിനാണ് സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.