ന്യൂഡൽഹി: സ്വാതന്ത്ര്യ സമരകാലത്ത് ഭഗത് സിങ് അടക്കമുള്ള വിപ്ലവകാരികൾ തടവറയിലായപ്പോൾ രക്ഷിക്കാൻ ഗാന്ധിജി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര സർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൾ. വിപ്ലവകാരികൾ വഴിയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പാത മനപ്പൂർവ്വം അവഗണിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോൾ അഹിംസ രീതി മാത്രമാണ് പരാമർശിക്കപ്പെടുന്നത്. വിപ്ലവകാരികളെ മനപ്പൂർവം അവഗണിക്കുകയാണെന്നും സഞ്ജീവ് സന്യാൾ കുറ്റപ്പെടുത്തി.
വിപ്ലവകാരികൾ സ്വാതന്ത്രത്തിന് നൽകിയ സംഭാവനകളും കുട്ടികളുടെ പഠനവിഷയമാകണം. ഭഗത് സിങ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാൻ ഗാന്ധിജി ഒന്നും ചെയ്തില്ല. അത്തരം ശ്രമങ്ങൾ നടന്നതിന് തെളിവുകൾ ഇല്ല. ഗാന്ധിജി അതിന് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചില്ല. വിപ്ലവകാരികൾ ഇന്ത്യയുടെ ചരിത്രം വീണ്ടും പറയുമ്പോൾ എന്ന വിഷയത്തിൽ ഗുജറാത്ത് സർവ്വകലാശാലയിൽ സംസാരിക്കവെയാണ് സഞ്ജീവിന്റെ പരാമർശം.
ആക്രമണത്തെ എതിർത്ത ഗാന്ധി തന്നെയാണ് ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയിലേക്ക് ഇന്ത്യൻ സൈനികരെ ചേർക്കാൻ തയ്യാറായത്. ഭഗത് സിങിനെ അക്രമത്തിന്റെ കാരണം പറഞ്ഞാണ് ഗാന്ധി എതിർത്തിരുന്നത്. ബ്രിട്ടീഷ് സേനയിലേക്ക് ആളുകളെ ചേർക്കാൻ തയ്യാറായ ഗാന്ധി തന്നെയാണ് അതേ മാർഗത്തിൽ പോയ ഭഗത് സിങിനെ എതിർത്തത്. ഖിലാഫത്ത് പ്രസ്ഥാനം, മലബാർ ലഹള എന്നിവയെ താഴ്ത്തിക്കാണിക്കാനും ഗാന്ധി ശ്രമിച്ചു. ഭാരതത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടിയുള്ള മറ്റൊരു രീതിയിലുള്ള ശ്രമമായിരുന്നു അവയെല്ലാമെന്നും സഞ്ജീവ് പറഞ്ഞു.
അക്രമത്തിലൂടെ സ്വാതന്ത്ര്യം നേടിയാൽ നേതാക്കൾ ഫാസിസ്റ്റുകളാവും എന്നത് കുപ്രചാരണമാണ്. നിരവധി മുതിർന്ന വിപ്ലവകാരികളും നേതാക്കളും കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. രണ്ട് വിപ്ലവകാരികൾ മാത്രമാണ് സ്വാതന്ത്ര്യ ലബ്ധിവരെ ജീവിച്ചിരുന്നതെന്നും അവർ അരബിന്ദോ, സവർക്കർ എന്നിവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം വിപ്ലവകാരികളിൽ ചിലർ കോൺഗ്രസിൽ ചേർന്നു ചിലർ ഹിന്ദു മഹാസഭയിൽ തന്നെ തുടർന്നെന്നും ഇതാണ് പിന്നീട് ആർഎസ്എസ് ആയതെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു .
Discussion about this post