മുംബൈ: വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കിയെന്ന പേരില്‍ അയല്‍വാസികളുടെ മര്‍ദനമേറ്റ് യുവതി മരിച്ചു. മുംബൈ ഡോംബിവിലി സ്വദേശിയായ നാഗമ്മ ഷെട്ടിയാണ് മരിച്ചത്. അയല്‍വാസികളുടെ മര്‍ദനത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. നാഗമ്മ തെരുവു നായകളെ സംരക്ഷിച്ചിരുന്നു. നായ കുരച്ച് ബഹളം വെച്ചതോടെ അയല്‍ക്കാര്‍ പലതവണ ഇവരോട് പരാതി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കാരികളായ നാല് സ്ത്രീകളുമായി നാഗമ്മ ചൊവ്വാഴ്ച തര്‍ക്കത്തിലായി.
വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. അടിപിടിയില്‍ നാഗമ്മയുടെ നെഞ്ചിലും മര്‍ദനമേറ്റു. ഇതിന് പിന്നാലെ പരാതി നല്കാന് നാഗമ്മ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുടെ അവസ്ഥ കണ്ട പോലീസ് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ച് മടക്കിയയച്ചു.
എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ നെഞ്ചുവേദന കലശലാവുകയും നാഗമ്മ കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
Discussion about this post