പാട്ന: കേന്ദ്ര സർക്കാരിനെതിരേയും പൗരത്വ ഭേദഗതിക്ക് എതിരേയും ആഞ്ഞടിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യകുമാർ. ജനങ്ങൾ സർക്കാരുകളെ തെരഞ്ഞെടുക്കുന്നത് മതസംരക്ഷണത്തിനല്ല, തൊഴിൽ സംരക്ഷിക്കാനും ആശുപത്രികളും സ്കൂളുകളും നിർമ്മിക്കാനുമാണെന്ന് കനയ്യ ഓർമ്മിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ നടക്കുന്ന ജനഗണമന യാത്രയിൽ വെച്ചാണ് കനയ്യയുടെ പരാമർശം.
വിവാദങ്ങളിൽ അകപ്പെട്ട എൻആർസിയെ വെള്ളപൂശാനായാണ് സിഎഎ കൊണ്ടുവന്നത്. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും അയോധ്യാ വിധിക്ക് ശേഷവും സർക്കാരിന് രാജ്യത്ത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് കനയ്യ ആരോപിച്ചു.
കഴിഞ്ഞദിവസം തനിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ചും കനയ്യ പ്രതികരിച്ചു. നിങ്ങൾ എറിയുന്ന കരിഓയിലും മഷിക്കുപ്പികളും കോഴിമുട്ടകളും കല്ലുകളും തന്നെ തെല്ലും അസ്വസ്ഥപ്പെടുത്തുന്നില്ലെന്നും അത് ഓരോ ദിവസവും ജനപിന്തുണ വർധിപ്പിക്കുകയാണെന്നും കനയ്യ പറഞ്ഞു.
ജനുവരി 30 നാണ് ഗാന്ധി ആശ്രമത്തിൽ നിന്ന് കനയ്യയുടെ നേതൃത്വത്തിൽ ജനഗണമന യാത്ര ആരംഭിച്ചത്. 35 ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര ഒരുമാസം കഴിഞ്ഞ് ഫെബ്രുവരി 28ന് സമാപിക്കുക.
Discussion about this post