ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ കേസുള്ള വ്യക്തികളെ മത്സരിപ്പിച്ചാല്‍, കേസിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്ത് കൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കത്തിനെതിരെ അശ്വനി കുമാര്‍ ഉപാധ്യയ നല്കിയ കോടതിയലക്ഷ്യ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
രാഷ്ട്രീപാര്‍ട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം.72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം.
വിവരങ്ങള്‍ ധരിപ്പിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരാജയപ്പെടുകയാണെങ്കിലോ, നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായില്ല എങ്കിലോ, കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ യോഗ്യത അനുസരിച്ചാകണം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ വിജയസാധ്യത കണക്കിലെടുത്ത് ആകരുതെന്നും രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായുളള ബഞ്ച് ഓര്‍മ്മിപ്പിച്ചു.
Discussion about this post