ഗുവാഹാട്ടി: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്കൃത പാഠശാലകളും അടച്ച് പൂട്ടാന്‍ തീരുമാനം. പകരം ആറു മാസത്തിനുള്ളില്‍ സാധാരണ സ്കൂള്‍ ആക്കി മാറ്റാനാണ് ആസാം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മതം, വേദങ്ങള്‍, അറബി പോലുള്ള ഭാഷകള്‍ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നത് ഒരു മതേതര സര്‍ക്കാരിന്റെ ജോലിയല്ലെന്നാണ് പുതിയ തീരുമാനത്തിന് വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ നല്കുന്ന വിശദീകരണം ഇപ്രകാരമാണ്.
ആസാമിലെ ബിജെപി സര്‍ക്കാര്‍ തന്നെയാണ് 2017-ല്‍ മദ്രസ, സംസ്കൃത സ്കൂള്‍ ബോര്‍ഡുകള്‍ പിരിച്ചുവിട്ട് സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ ലയിപ്പിച്ചത്. എന്നാലിപ്പോള്‍ ആ തീരുമാനമാണ് തിരുത്തി കുറിക്കുന്നത്. അതേ സമയം സാമൂഹ്യ സംഘടനകളും എന്‍ജിഒകളും നടത്തുന്ന മദ്രസകള്‍ നിയന്ത്രണങ്ങളോടെ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഒരു മതേതര സ്ഥാപനമായതിനാല്‍, മതപരമായ അധ്യാപനത്തില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് ധനസഹായം നല്കാന് കഴിയില്ല. മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാരണം കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമന്ത ബിസ്വ ശര്‍മ്മയുടെ വാക്കുകള്‍;
‘മതപഠനശാലകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ 14 വയസ്സിന് താഴെയുള്ളവരായതിനാല്‍, അവരെ എവിടെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് പലപ്പോഴും തീരുമാനിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. മതപഠനത്തിലെ അമിതഭാരം കാരണം ഒരു വിദ്യാര്‍ത്ഥിക്കും പൊതുവിദ്യാഭ്യാസം നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഒരു നിയന്ത്രണം കൊണ്ടുവരും, മതപരമായ പഠനത്തിനൊപ്പം നിര്‍ബന്ധിത പൊതുവിദ്യാഭ്യാസം നല്‍കാനും സ്വകാര്യ മദ്രസകളോട് ആവശ്യപ്പെടും’
Discussion about this post