ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കള്ളം പറയുകയാണെന്നതിന്റെ തെളിവുകൾ പുറത്ത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത്.രാജ്യത്തെ പണപ്പെരുപ്പം 7.6 ശതമാനമായി ഉയർന്നുവെന്നും വ്യാവസായിക ഉത്പാദനത്തിൽ ജനുവരിയിൽ 0.3 ശതമാനത്തിന്റെ കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം ആറു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവയുടെ വില വർധനയാണ് പണപ്പെരുപ്പം വീണ്ടും ഉയരാൻ ഇടയാക്കിയത്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താനാണ് റിസർവ്വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് പണപ്പെരുപ്പം ഉയർന്ന നിലയിലേക്ക് നീങ്ങുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
വ്യാവസായിക ഉത്പാദനത്തിൽ ഡിസംബറിലേക്കാൾ 0.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലെ മാന്ദ്യം വ്യവസായിക ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. വൈദ്യുത ഉത്പാദനത്തിൽ ഡിസംബറിൽ 4.5 ശതമാനം വർധന ഉണ്ടാക്കിയെങ്കിലും ജനുവരിയിൽ ഇതിൽ 0.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പാർലമെന്റിൽ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആരാഞ്ഞ പ്രതിപക്ഷ പാർട്ടികളോട് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ല എന്നാണ് നിർമ്മല സീതാരാമൻ മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് പണപ്പെരുപ്പം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
Discussion about this post