ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പല തവണ ആവര്‍ത്തിക്കുമ്പോഴും ഔദ്യോഗിക റിപ്പോര്‍ട്ട് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് തന്നെയാണ്. രാജ്യത്തെ പണപ്പെരുപ്പം 7.6 ശതമാനമായി ഉയര്‍ന്നുവെന്നും വ്യാവസായിക ഉത്പാദനത്തില്‍ ജനുവരിയില്‍ 0.3 ശതമാനത്തിന്റെ കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധനയാണ് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കിയത്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താനാണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പണപ്പെരുപ്പം ഉയര്‍ന്ന നിലയിലേക്ക് നീങ്ങുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
വ്യാവസായിക ഉത്പാദനത്തില്‍ ഡിസംബറിലേക്കാള്‍ 0.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലെ മാന്ദ്യം വ്യവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വൈദ്യുത ഉത്പാദനത്തില്‍ ഡിസംബറില്‍ 4.5 ശതമാനം വര്‍ധന ഉണ്ടാക്കിയെങ്കിലും ജനുവരിയില്‍ ഇതില്‍ 0.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
പാര്‍ലമെന്റില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആരാഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളോടാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് തെളിയിക്കുമ്പോള്‍ ഏത് വിശ്വസിക്കണമെന്ന ആശങ്കയിലാണ് ജനം.