ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച് അമ്മ. ചങ്ക് പൊട്ടി കരഞ്ഞുകൊണ്ടാണ് മുദ്രാവാക്യം വിളിക്കുന്നത്. പട്യാല ഹൗസ് കോടതി വളപ്പില്‍ ആയിരുന്നു മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. വനിത അവകാശ പ്രവര്‍ത്തകയായ യോഗിത ഭയാനയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി കുറ്റവാളികളില്‍ ഒരാളായ പവന് ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ചു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി അമ്മ രംഗത്ത് വന്നത്. കോടതി തന്റെ വികാരം മനസ്സിലാക്കാത്തതെന്തെന്ന് ചോദിച്ച് അമ്മ പൊട്ടിക്കരഞ്ഞു. രക്ഷിതാക്കളുടെ വികാരം മനസ്സിലാക്കുന്നെന്നും ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്നും കോടതി പറഞ്ഞു. പിന്നീട് കോടതിക്ക് പുറത്തെത്തിയ രക്ഷിതാക്കള്‍ കുറ്റവാളികളെ ഉടന്‍ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
Discussion about this post